ജന്മദിന സന്ദേശം

 സ്നേഹ വന്ദനം,

സകലവും ഹിതം പോലെ ഭരിക്കുന്ന സകലത്തിനുടമസ്ഥനായ സ്വർഗ്ഗ പിതാവായ സത്യ ദൈവം ഭൂവിൽ അടിമ സന്തതികളുടെ മുറവിളി കേട്ട്‌ ഒരു ഹീന വേഷത്തിൽ വാഗ്ദത്ത സത്യം നിറവേറ്റാൻ ഒരു കുംഭ മാസപ്പുലരിയിൽ ഒരു പാഴ്ക്കുടിലിൽ ജന്മം പൂണ്ടു. താതൻ തന്നെ വരുമെന്ന് വേദം എഴുതിയവരാരും പറഞ്ഞില്ല, വേദമെടുത്തവരും വേദമില്ലാത്തവരും താതന്റെയീ വരവിൽ ആകെക്കുഴപ്പിപ്പോയി എന്നതാണ് ചരിത്രം.

സ്വർഗ്ഗ പിതാവായ ദൈവത്തിന്റെ വരവ്‌ അടിമ സന്തതികളുടെ ആത്മീയവും ഭൗതീകവുമായ രക്ഷയ്ക്കും സകല ജനത്തിനും വിധി നിർണ്ണയിക്കുവാനുമായിരുന്നു. അവൻ ഒരു ഹീന സ്ത്രീയാൽ ജന്മം പൂണ്ട്‌ ഹീനർക്കായി ജീവിച്ച്‌ ഹീനർക്കൊപ്പം അന്തിയുറങ്ങി കായ്‌ കനികളാൽ വിശപ്പടക്കി ഊറ്റുറവകളിൽ നിന്നും വെള്ളം കുടിച്ച്‌ ദാഹമകറ്റുകയും ചെയ്തവനാകുന്നു. കരുണാമയനായ ദൈവം തന്റെ സ്വർഗ്ഗ സിംഹാസനം വിട്ട്‌ ഹീനരിൽ ഹീനരാം മർത്ത്യരോടൊപ്പം സഹവസിച്ചവനായിരുന്നു. അവൻ അനേകം ആക്രമണങ്ങൾക്കും വധ ശ്രമങ്ങൾക്കും വിധേയനായി പാരിൽ അലഞ്ഞു. അവൻ സ്വന്ത ജനങ്ങളെ തേടിയിറങ്ങിയ ഉന്നതരിൽ സർവ്വോന്നതനാകുന്നു. അവൻ അടിമ സന്തതികൾക്ക്‌ ചെയ്തിട്ടുള്ള വാഗ്ദത്ത സത്യങ്ങൾ നിറവേറ്റാൻ വേഷം മാറി നടന്നവനാകുന്നു. അവന്റെ ശരീരം ചേറിൽ കുതിർന്നിരുന്നെങ്കിലും അകം സ്വർണ്ണം പോൽ മനാഹരമായിരുന്നു. അവൻ സ്വന്ത ജനങ്ങളെ വിളിച്ചു ചേർക്കയും സത്യങ്ങളോരോന്നായി കാണിക്കുകയും ചെയ്തു.

ആദി മുതൽ അന്ത്യം വരെയുള്ള പ്രപഞ്ച സത്യങ്ങൾ അവൻ തന്റെ ജനങ്ങളോടായ്‌ വെളിപ്പെടുത്തി. സർവ്വ ചരാ ചരങ്ങളുടെയും നിർമ്മിതാവും ഉടമസ്ഥനുമാകുന്ന സ്വർഗ്ഗ പിതാവാകുന്ന ദൈവം ഭാവിയിൽ ഉണ്ടാകാൻ പോകുന്ന ദൈവ കോപത്തെയും മഹ വിപത്തുകളെയും തന്റെ ജനത്തിന് അക്കമിട്ട്‌ ബോദ്ധ്യപ്പെടുത്തി. സർവ്വത്തിൻ ഉന്നതനും കരുണാമയനുമാകുന്ന ദൈവം വരാനിരിക്കുന്ന നാശത്തിൽ നിന്നും രക്ഷ നേടാനുള്ള വഴികൾ മർത്ത്യാർക്കായി തുറന്നു നൽകി. താതൻ തന്റെ സത്യങ്ങൾ സാക്ഷ്യപ്പെടുത്തിയ ശേഷം വീണ്ടും വരുമെന്ന വാഗ്ദാനം നൽകി താൻ ഭൂവിൽ തിരഞ്ഞെടുത്ത ആ ഹീന വേഷം ഉപേക്ഷിച്ച്‌ യാത്രയായ്‌. ആ ശരീരം സ്വർഗ്ഗത്തിലേക്ക്‌ ഉയർത്തപ്പെടുന്നതാണ്.


ആമ്മേൻ 

ദൈവത്തിനു മഹത്വം 

വന്ദനം

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

'പൊയ്കയിൽ ശ്രീ. കുമാര ഗുരുദേവൻ' എന്ന വ്യാജ നിർമ്മിതി

PRDS Theology

ഞാലിയാകുഴി സൈമൺ യോഹന്നാൻ