പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ നിർവ്വചനം

പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ നിർവ്വചനം ദൈവം പ്രത്യക്ഷപെട്ട ദൈവ സഭാ എന്നാണ്. സ്വർഗ്ഗസ്ഥനായ ദൈവം ഭൂമിയിൽ അടിമസന്തതികളിൽ പ്രത്യക്ഷപ്പെട്ടതാണ് സഭയുടെ ആരംഭവും അവസാനവുമെല്ലാം. ഒരു കാലത്ത്‌ കേരളത്തിലെ അടിമ സന്തതികൾ അനാഥരായി കാടുകളിലും ഗുഹകളിലും അഭയും തേടിയിരുന്നു. അവർ വന്യ മൃഗങ്ങൾക്ക്‌ ഇരയായി പട്ടിണി പാവങ്ങളായി കാട്ടിൽ കഴിഞ്ഞു പോന്നു. ഈ കാലായളവിൽ ദുഷ്ടന്മാർ ഇവരെ നാട്ടിൽ പിടിച്ച്‌ കൊണ്ട്‌ വന്ന് ക്രയവിക്രയങ്ങൾ ചെയ്തു. ജന്മി മുതലാളിമാർ ഇവരെ വിലയ്ക്കു വാങ്ങി പലവിധ ക്രൂരതയ്ക്ക്‌ വിധേയരാക്കി. അവരെ കഴുത്തിൽ കയറിട്ട്‌ പോത്തിനും കാളയ്ക്കും ഇണയാക്കി പാടങ്ങൾ ഉഴുതു മറിച്ചു. മാതാവും പിതാവും സഹോദരങ്ങളും നഷ്ടപ്പെട്ട അനാഥ കുട്ടികൾ ദുഃഖിതരായി നിലവിളിച്ചു.

ഇവരുടെ മുറവിളികൾ ദൈവം കേട്ടു. സ്വർഗ്ഗസ്ഥനായ ദൈവം ഈ മാഹാസംഭവം സ്വർഗ്ഗ വാതിൽ തുറന്ന് നേരിൽ കണ്ടു. താതൻ ഒരു പ്രാവിന്റെ വേഷത്തിൽ പറന്ന് വന്ന് ഈ പിഞ്ചു കുഞ്ഞുങ്ങളുടെ മധ്യേ വന്നിരുന്നു. ഒരു പിതാവിനെ പോൽ അവരെ ആശ്വസിപ്പിച്ചു. സ്വർഗ്ഗസ്ഥനായ ദൈവം അടിമ സന്തതികളിൽ ചെയ്ത വാഗ്ദത്ത ഇപ്രകാരം ആയിരുന്നു. 

"ഞാൻ നിങ്ങൾക്ക്‌ സ്വർഗ്ഗ സിംഹാസനവും പേരും നാമവും മറ്റുമെല്ലാം ദാനമായി തരാം. നിങ്ങളുടെ കൊച്ച്‌ മക്കളുടെ കാലത്ത്‌ ഞാൻ തന്നെ വന്ന് നിങ്ങൾക്ക്‌ അപ്പനും അമ്മയും സഹാദരനും ഇണയും തുണയുമായി ചേർന്നു കൊള്ളാം."

സ്വർഗ്ഗസ്ഥനായ ദൈവം അടിമ സന്തതികളിൽ ചെയ്തിട്ടുള്ള വാഗ്ദത്ത കാലം അവസാനിച്ചപ്പോൾ രണ്ട്‌ ദിവ്യ യോഹന്നാന്മാർ കേരളത്തിൽ പ്രത്യക്ഷപ്പെട്ടു. അവർ രണ്ടു പേരും രണ്ട്‌ ഗോത്രങ്ങളിൽ ഹീന വംശങ്ങളിൽ ജന്മം കൊണ്ടു. സാംബവ വംശജനായ സർവ്വ ശ്രീ. പൊയ്കയിൽ യോഹന്നാനും ചേരമ വംശജനായ ഞാലിയാകുഴി സൈമൺ യോഹന്നാനും ആയിരുന്നു ആ രണ്ട്‌ ദിവ്യന്മാർ.

അവർ രണ്ടു പേരും അനേക ദേശങ്ങളിൽ നടന്ന് ഹീന വർഗ്ഗങ്ങളെ വിളിച്ചു കൂട്ടി. ഹീന വർഗ്ഗങ്ങളുടെ അടിമത്ത പാരമ്പര്യവും സ്വർഗ്ഗസ്ഥനായ ദൈവം അവരിൽ ചെയ്തിട്ടുള്ള വാഗ്ദത്ത സത്യങ്ങളും ഈ ദിവ്യന്മാർ വെളിപ്പെടുത്തി. എല്ലായിടത്തെയും അടിമ വർഗ്ഗങ്ങൾ ഈ ദിവ്യന്മാരോട്‌ ഒത്തു കൂടി. അനേകം ജനങ്ങളും കായിക മല്ലന്മാരും മുന്നൂറിൽ പരം ഉപദേഷ്ടാക്കളും സഭയോടു ചേർന്നു.

വനാന്തരങ്ങളിലും പമ്പാ നദിയുടെ തീരങ്ങളിലും മണിമലയാറിന്റെ തീരങ്ങളിലും അവർ നിരവധി യോഗങ്ങൾ സംഘടിപ്പിച്ചു. രക്ഷാ നിർണ്ണയം, തോതു യോഗം, ത്രത്വ യോഗം എന്നിവയായിരുന്നു യോഗ വിഷയങ്ങൾ. അനേകം ദേശങ്ങളിൽ അവർ സഭാകൂട്ടങ്ങൾക്ക്‌ വേണ്ട സ്ഥലം സംജാതപ്പെടുത്തി. ഈ വിധം ഇരു യോഹന്നാന്മാരും ഇരുട്ടിലായിരുന്ന അടിമ സന്തതികൾക്ക്‌ വെളിച്ചമേകി.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

'പൊയ്കയിൽ ശ്രീ. കുമാര ഗുരുദേവൻ' എന്ന വ്യാജ നിർമ്മിതി

PRDS Theology

ഞാലിയാകുഴി സൈമൺ യോഹന്നാൻ